ട്രാന്‍സ്

Rating : 0   Category :
 
അര്‍ത്ഥബോധാവസ്ഥ...... ടെക്നോളജിയുടെ പിന്‍ബലത്തില്‍ cinimatic atmosphere ഉം ambiance ഉം മനഃപൂര്‍വ്വം സൃഷ്ടിച്ച് ശിഷ്ടകാലം മുഴുവന്‍ ആത്മീയതയുടെ അടിമകളായി അര്‍ത്ഥ ബോധാവസ്ഥയില്‍ അല്ലെങ്കില്‍ അര്‍ത്ഥ  അബോധാവസ്ഥയില്‍ ജീവിക്കുവാന്‍ വിധിക്കപ്പെടുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്ന ആത്മീയ ഫാക്ടറി - അതുവഴി ആത്മീയ ഫാക്ടറി ഉടമകള്‍ക്ക്  ഭൂഖണ്ഡങ്ങള്‍ പരക്കുന്ന വ്യാപാര മേഖലകളും നിക്ഷേപങ്ങളും.  മദ്യവും മയക്കു മരുന്നുംപോലെ സമൂഹത്തിന് അത്യപകടക്കാരിയായ മറ്റൊരു വിപത്ത്- ആത്മീയത.....
ആരും തൊടാന്‍ മടിക്കുന്ന വിഷയം.  തൊട്ടാല്‍ കൈപൊള്ളുന്നതിന് സാധ്യതയുള്ള വിഷയം - ആത്മീയ കച്ചവടം.  എന്നിട്ടും നിര്‍ഭയം തൊട്ടു.  ആത്മീയ കച്ചവട വിഷയത്തിന്മേലുള്ള ആ ദൈവീക തൊടീലുവഴി മലയാള സിനിമയ്ക്ക് ലഭിച്ചത് വിലമതിക്കാനാവാത്ത ഒരു നിധിയാണ്..... ട്രാന്‍സ്.   അത്ര മനോഹരമായ ഒരു കലാസൃഷ്ടിയാണ് സംവിധായകന്‍ അന്‍വര്‍ റഷീദ് ട്രാന്‍സിലൂടെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത്.   
 
പിഴവില്ലാത്ത ആത്മാര്‍ത്ഥമായ സംവിധാന പാടവമാണ് അന്‍വര്‍ റഷീദ് ട്രാന്‍സിന്‍റെ സൃഷ്ടിയില്‍ പ്രകടിപ്പിച്ചിരിക്കുന്നത്.   ഗൗരവ്വമേറിയ വിഷയമാണ് ട്രാന്‍സ്.  വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് അണിയിച്ചൊരുക്കി യിരിക്കുന്നത്.  അതുകൊണ്ടുതന്നെ സിനിമയെ വെറും കോമഡിയാഘോഷത്തി നായി സമീപിക്കുന്ന പ്രേക്ഷകര്‍ എത്രമാത്രം ആസ്വദിക്കുമെന്നും സ്വീകരിക്കുമെന്നും  എന്നതിനേ ആശ്രയിച്ചിരിക്കും ട്രാന്‍സ് തീയേറ്ററില്‍ ഉണ്ടാക്കുന്ന ചലനം. 
 
മലയാളത്തിലെ മറ്റൊരു നടനും പകരംവയ്ക്കാന്‍ കഴിയാത്ത അത്ര electrifying power packed പകര്‍ന്നാട്ടമാണ് പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണിലൂടെ ഫഹദ് ഫാസില്‍ കാഴ്ചവച്ചിരിക്കുന്നത്. തനിക്കായി ഒരുക്കിയിരിക്കുന്ന വേഷങ്ങള്‍ തനിക്കുമാത്രം അഭിനയിക്കുവാന്‍ കഴിയുന്നതാണ് എന്ന് അടിവരയിടുക കൂടിയാണ് ഫഹദ് ഫാസില്‍.   അഭിനയം കണ്ട് കോരിത്തരിച്ചുപോയി എന്നൊക്കെ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.  എന്നാല്‍ ട്രാന്‍സിലെ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണായുള്ള ഫഹദിന്‍റെ നടന വിസ്മയം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചുപോയി കൂടെ കണ്ണൂകള്‍ സന്തോഷാശ്രുക്കളാല്‍ നിറയുകയും ചെയ്തു.  ഇങ്ങനൊരു കഥാപാത്രം കൈവന്നത് ഫഹദിന്‍റെ ഭാഗ്യം.  ഫഹദിന്‍റെ ആ നാട്യപാടവം കണ്ടാസ്വദിക്കാന്‍ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കിയ തിരക്കഥാകൃത്ത് വിന്‍സന്‍റ് വടക്കന്‍, സംവിധായകന്‍ അന്‍വര്‍ റഷീദ്, ഛായാഗ്രഹകന്‍ അമല്‍ നീരദ്, പശ്ചാത്തല സംഗീതമൊരുക്കിയ സുശിന്‍ ശ്യാം- ജാക്സണ്‍ വിജയന്‍, ശബ്ദമിശ്രണം നടത്തിയ റസ്സൂല്‍ പൂക്കൂട്ടി , എഡിറ്റിംഗ് നിര്‍വ്വഹിച്ച പ്രവീണ്‍ പ്രഭാകര്‍ മറ്റ് ഒട്ടനവധി സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരോടെല്ലാം മലയാള ചലച്ചിത്ര പ്രേക്ഷകര്‍ എന്നും കടപ്പെട്ടിരിക്കുന്നു.  ഇത്തരം അതുല്യ കലാ പ്രതിഭകളുടെ കൂടിവരവുതന്നെ ചലച്ചിത്ര പ്രേക്ഷകര്‍ക്കൊരു ഉത്സവമാണ്..... ആഘോഷമാണ്..... അഭിനേതാക്കളുടെ നീണ്ട നിരയുണ്ടെങ്കിലും ഗൗതംമേനോന്‍ അവതരിപ്പിച്ച വില്ലന്‍വേഷം എടുത്തുപറയേണ്ടതു തന്നെ.  ട്രാന്‍സിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കലാ പ്രതിഭകളോടുമുള്ള തികഞ്ഞ ആദരവോടെ കുമ്പിടുന്നു...
 
 
രവികേശവന്‍
9447738875  

photos & videos

comments