ക്വീന്‍

Rating : 0   Category :

 

ഭാരത മണ്ണിലൂടെ ഏതു പാതിരാത്രിക്കും ഭയരഹിതമായി സര്‍വ്വ സ്വതന്ത്രമായി സഞ്ചരിക്കുക എന്നത് ഏതൊരു ഭാരത സ്ത്രീയുടേയും സ്വപ്നമാണ്. തന്‍റെ സഹപാഠികളായ അഞ്ചു ആണ്‍കുട്ടികളുടെ സഹകരണത്താല്‍ അത്തരം സ്വാതന്ത്ര്യം ഒരു നട്ടപാതിരാത്രിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞ യുവതി പിന്നീട് സ്വന്തം ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളാണ് ക്വീന്‍ എന്ന ചിത്രത്തിലൂടെ നവാഗതനായ ഡിജോ ജോസ് ആന്‍റണി എന്ന സംവിധായകന്‍ പറയുന്നത്.

ഒരു ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിന്‍റെ കാമ്പസിന്‍റെ പാശ്ചാത്തലത്തില്‍ കോളേജ് കാമ്പസിന്‍റെ എല്ലാ തുടിപ്പുകളും ഒപ്പിയെടുത്താണ് തികഞ്ഞ കൈത്തഴക്കത്തോടും ചടുലതയോടും കൂടി ക്വീന്‍ ഒരുപിടി നവാഗതരെ ക്യാമറയ്ക്കു മുന്നിലും പിന്നിലും അണിനിരത്തി ഡിജോ ജോസ് തന്‍റെ കന്നി സംവിധാന സംരംഭം അതിവിദഗ്ദ്ധമായി സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ ആഗ്രഹിക്കുന്ന വേഗതയും ചടുലതയും ഉറപ്പുവരുത്താന്‍ ഉതകുന്ന എഡിറ്റിങ്ങും സ്ക്രീനില്‍ മിന്നിമറയുന്ന ദൃശ്യത്തിന്‍റെ ആസ്വാദനത്തിന് സഹായകരമായ പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതല്‍ മാറ്റുക്കൂട്ടുന്നു. ദൃശ്യ മികവിന് സുരേഷ് ഗോപിയുടെ ക്യാമറയും ന്യൂനതയറ്റ പിന്‍ബലം നല്‍കിയിരിക്കുന്നു. സിലാറീസ് മുഹമ്മദ്, ജബിന്‍ ജോസഫ് ആന്‍റണി എന്നീ നവാഗതരുടെ കൂട്ടു തിരക്കഥ സംവിധായകന് തന്‍റെ മനസ്സിലുള്ള സിനിമ അണിയിച്ചൊരുക്കുന്നതിന് ഉതകുന്ന രീതിയില്‍ ചെറിയ സീനുകളിലാണ് എഴുതിയിരിക്കുന്നത്. രണ്ടാം പകുതിയുടെ ആദ്യഭാഗം വരെ മനോഹരമായി നീങ്ങുന്ന തിരക്കഥ പെട്ടെന്ന് വഴിമുട്ടിയിട്ടെന്നപ്പോലെ തുടര്‍ന്ന് രാഷ്ട്രീയവും അധോലോകവും ഒക്കെ കൂട്ടികലര്‍ന്ന സ്ഥിരം വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങുമ്പോള്‍ ചിത്രത്തിന്‍റെ അതുവരെ ഉണ്ടായിരുന്ന പുതുമ നഷ്ടപ്പെട്ടു തുടങ്ങുന്നു.

പുതിയ ചിന്തകളുമായി മലയാള സിനിമാ ലോകത്തേക്ക് എത്തിയ ക്വീന്‍നിന്‍റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമായ ഒരുപിടി യുവാക്കളെ ഹാര്‍ദ്ദവത്തോടെ സ്വാഗതം ചെയ്യുന്നു. അടുത്ത സിനിമയ്ക്കുവേണ്ടി മുന്‍നിര നടന്മാരുടെ പിന്‍മ്പേപോയി സ്വന്തം ബുദ്ധിയും കഴിവും ക്രിയാത്മകതയും നഷ്ടപ്പെടുത്താതെ കൂടുതല്‍ നല്ല ചിന്തകളുമായി വരുവാന്‍ ഡിജോ ജോസ് ആന്‍റണിക്കും ചങ്കു ബ്രദേഴ്സിനും കഴിയട്ടേ എന്നു ആഗ്രഹിക്കുന്നു.

രവികേശവന്‍
9447738875

photos & videos

comments