പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

Rating : 0   Category :comedy

 

പുണ്യാളന്‍സ് അഗര്‍ബത്തീസ് എന്ന നര്‍മ്മരസ പ്രധാന ചിത്രത്തിന്‍റെ വന്‍വിജയത്തില്‍ നിന്ന് ഉള്‍ക്കൊണ്ട കരുത്തുമായി ആ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി രജ്ഞിത ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആദ്യഭാഗത്തിന്‍റെ അത്രയും ഊഷ്മളമായ ഒരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് തീയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മ്ലാന മുഖങ്ങള്‍ പകരുന്നത്. ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ കാര്യപ്രസക്തമായ സംഭവ വികാസങ്ങളൊന്നും ഉരുത്തിരിയുന്നില്ലെങ്കില്‍ക്കൂടി വിരസതയില്ലാതെ ചിത്രം ആദ്യ പകുതി വരെ പ്രേക്ഷകരെ കൂടെകൊണ്ടുപോകുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി വഞ്ചനയുടേയും കപടതയുടേയും കേളീരംഗമായ രാഷ്ട്രീയത്തിലേക്ക് ചിത്രം കൂടുമാറുന്നതോടുകൂടി പ്രേക്ഷകര്‍ തികച്ചും അക്ഷമരായി തീരുന്നു. ഇതിനിടെ നോട്ടു നിരോധനവും ജി എസ് ടിയും നായകനെക്കൊണ്ട് ബീഫ് കഴിക്കലും എല്ലാം പരാമര്‍ശിക്കുന്നെങ്കിലും അതൊന്നും തീയറ്ററിന്‍റെ ഇരുട്ടിലും തണുപ്പിലും ഇരിക്കുന്ന പ്രേക്ഷകന്‍റെ നെഞ്ചുപിടിച്ചുലയ്ക്കാന്‍ പോരുന്നില്ല.


പൊതുസമൂഹത്തോട് വിളിച്ചു പറയേണ്ട കാര്യങ്ങളാണ് രഞ്ജിത് ശങ്കര്‍ തന്‍റെ നായകനെക്കൊണ്ട് ഉച്ചത്തില്‍ വിളിച്ചുപറയിക്കുന്നതെങ്കിലും പക്ഷേ അതൊന്നും പ്രേക്ഷകന്‍റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ പോരുന്നതല്ല. കാരണം ചലച്ചിത്രം പ്രേക്ഷകന് കണ്‍മുമ്പില്‍ ചലിക്കുന്ന ദൃശ്യങ്ങളിലൂടെ അവനോട് സംവേദിക്കേണ്ട മാധ്യമമായതുകൊണ്ടാവാം. അത്തരം ദൃശ്യങ്ങള്‍ തിരക്കഥയില്‍ ഉള്‍പ്പെടുത്തി തനിക്കു പ്രേക്ഷകനോട് പറയാനുള്ളത് പറയുവാന്‍ കഴിഞ്ഞില്ല എന്നിടത്ത് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രം ഒരു പരാജയമാകുന്നു. ക്യാമറയുടെ മികവും തികവും പ്രേക്ഷകന്‍റെ നയനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന കുളിര്‍മ്മയും ജോയി താക്കോല്‍ക്കാരന്‍ എന്ന പരാജിത ബിസിനസ്സ്കാരന്‍റെ നഷ്ടബോധവും അമര്‍ഷവും ഉള്‍ക്കൊണ്ട് പകര്‍ന്നാടുന്നതിന് ജയസൂര്യ നടത്തിയ ശ്രമവും ശ്ലാഹനീയം തന്നെയാണ്.

രവികേശവന്‍
9447738875

photos & videos

comments