ഫുക്രി

Rating : 0   Category :0

സിദ്ധിക്ക് കഥയും തിരക്കഥയുമെഴുതി ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഫുക്രിയുടെ കഥയെന്താന്ന് പറയണമെങ്കില്‍ കഥപറയുന്നവനും കേള്‍ക്കുന്നവനും ഒരാഴ്ചത്തെ അവധിയെടുത്ത് മറ്റ് യാതൊരു ജോലിയും ചെയ്യാതിരുന്നെങ്കില്‍ മാത്രമേ പറഞ്ഞു തീര്‍ക്കാനാവും.  അത്രക്കു ബൃഹത്തായ കഥ നിരവധി കയറ്റിറക്കങ്ങളോടുകൂടിയാണ് രണ്ടര മണിക്കൂര്‍കൊണ്ടുപറഞ്ഞുതീര്‍ക്കുന്നത്.  തന്‍റെ സ്വന്തം  കഥയെ അടിസ്ഥാനപ്പെടുത്തി ഇഷ്ടപ്രകാരം തിരക്കഥ സ്വയം ഒരുക്കിയാണ് സിദ്ധിക്ക് ഫുക്രി സംവിധാനം ചെയ്തിരിക്കുന്നത്.    താര നിബിഡവും ദൃശ്യതയുടെ സമ്പന്നതകൊണ്ട് സമ്പുഷ്ടവുമാണ് സ്ക്രീനില്‍ മിന്നിമറയുന്ന ദൃശ്യങ്ങള്‍.  അതുകൊണ്ടു തന്നെ താരതമ്യേന തമാശകുറവുള്ള ഫുക്രി രണ്ടര മണിക്കൂറുകള്‍കൊണ്ട് തീരുന്നത് പ്രേക്ഷകര്‍ അറിയുന്നില്ല.  താരനിബിഡമായ സീനുകള്‍ ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാ രംഗങ്ങളും വളരെ കൃത്യതയോടുകൂടിയാണ് സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.  സിദ്ധിക്ക് എന്ന സംവിധായകന്‍റെ അനുഭവസമ്പത്തും കൈത്തഴക്കവും ഓരോ ദൃശ്യത്തിലും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുമാറ് കൃത്യതയോടുകൂടിയാണ് അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.  ലേഡീസ് ആന്‍റ് ജന്‍റില്‍മാന്‍ എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലെ അലസതയും അലംഭാവവും ഫുക്രിയില്‍ ആവര്‍ത്തിച്ചുകാണുന്നില്ല.  സുലൈമാനായെത്തിയ നടന്‍ സിദ്ധിക്കിന്‍റെ നടന വൈഭവം എടുത്തുപറയേണ്ടതുതന്നെ.   ജോജോ  ജോര്‍ജ്ജും  തന്‍റെ കഥാപാത്രത്തെ മികവുറ്റതാക്കി.  വിജയ് ഉലഹനാഥിന്‍റെ ക്യാമറ ചിത്രത്തിന് കൂടുതല്‍ മിഴിവും വശ്യതയും നല്‍കുന്നുണ്ട്.  ദൃശ്യതയുടെ സമ്പന്നത എടുത്തു പറയേണ്ടതു തന്നെ.  ഗോപീസുന്ദറിന്‍റെ പശ്ചാത്തല സംഗീത ചിത്രത്തിന്‍റെ ആസ്വാദനത്തിന് മാറ്റുക്കൂട്ടുന്നുണ്ട്.  അസാധാരണ നീളമുള്ള കഥയും നീണ്ട താരനിരയും കഥാപാത്രങ്ങളേയും സംഭവങ്ങളേയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനോ തിരിച്ചറിയുന്നതിനോ പ്രേക്ഷകര്‍ക്ക് കഴിയാത്തതുകൊണ്ട് ദൃശ്യ സമ്പുഷ്ടമായ ചിത്രമായിട്ടുകൂടി ഫുക്രി കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് പ്രസന്നത തീരെയില്ല.

രവികേശവന്‍
9447738875

photos & videos

comments