ദിവാന്‍ജിമൂല ഗ്രാന്‍റ് പ്രൈസ്

Rating : 0   Category :

 

തന്‍റെ ചിത്രങ്ങള്‍ക്ക് വ്യത്യസ്ഥ പേരുകളും പുതുമയുള്ള പ്രമേയങ്ങളുമായി മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന അനില്‍ രാധാകൃഷ്ണമേനോന്‍ ഇത്തവണയും പതിവുപോലെ തികച്ചും വേറിട്ട പേരും പുതുമയാര്‍ന്ന പ്രമേയവുമായിട്ടാണ് ദിവാന്‍ജിമൂല ഗ്രാന്‍റ് പ്രൈസ് എന്ന ചിത്രവുമായി പ്രേക്ഷകരുടെ മുന്‍മ്പിലെത്തിയിരിക്കുന്നത്.

നഗരജീവിത തിരക്കില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരുപിടി മനുഷ്യരുടെ ജീവിതവും അവര്‍ ദൈനംദിന ജീവിതത്തില്‍ കണ്ടെത്തുന്ന മാനസീക ഉല്ലാസ ഉപാധികളേയും പ്രതിപാദിച്ച് വലിയ കയറ്റിറക്കങ്ങള്‍ ഇല്ലാതെയും താരബാഹുല്യം ഒഴിവാക്കിയുമാണ് ദിവാന്‍ജിമൂല അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്തിരിക്കുന്നത്. കോഴിക്കോട്ട് നിന്ന് മോഷ്ടിക്കുന്നതിനായി തൃശൂര്‍ പട്ടണത്തിലെത്തുന്ന നാല് കള്ളന്മാരോട് ദിവാന്‍ജിമൂലയിലെ ബൈക്ക് ഓട്ട മത്സര കാഴ്ചക്കാരില്‍ ഒരുവന്‍ ദിവാന്‍ജിമൂലയിലെ ഒരു പഴയകാല ബൈക്ക് ഓട്ടക്കാരനായിരുന്ന ജിതേന്ദ്രന്‍റെ ഓര്‍മ്മകള്‍ ഖണ്ടശ്ശയായി അയവിറക്കുന്നതിലൂടെയാണ് ചിത്രത്തിന്‍റെ കഥപറയുന്നത്. ചിത്രത്തിന്‍റെ കഥ മുഴുവന്‍ തൃശൂര്‍ പട്ടണത്തിന്‍റെ ഭാഗമായ ദിവാന്‍ജിമൂല എന്ന സ്ഥലത്ത് നടക്കുന്ന ബൈക്ക് ഓട്ട മത്സരത്തിനെ കേന്ദ്രീകരിച്ചാണ് ചുരുള്‍ അഴിയുന്നത്. അതുകൊണ്ടുതന്നെ ബൈക്ക് ഓട്ടമത്സരം ചിത്രത്തിന്‍റെ ഹൃദയതാളവുമാണ്. എന്നാല്‍ കാണികളായ കള്ളന്മാരിലൂടെ ഖണ്ടശ്ശയായി മുറിച്ചുമുറിച്ച് പറയുന്ന കഥപറച്ചലിന് ചിത്രത്തിന് വേണ്ട ചടുലതയും താളക്രമവും നഷ്ടപ്പെടുത്തിക്കളയുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സ് ആയ ബൈക്ക് ഓട്ട മത്സരം അര്‍ഹിക്കുന്ന തീവ്രതയിലും ചടുലതയിലും കുറച്ചുകൂടി ദൃശ്യഭംഗിയോടുകൂടി ചിത്രീകരിക്കുവാന്‍ കഴിയാതെപോയതും ദിവാന്‍ജിമൂല എന്ന ചിത്രത്തിന്‍റെ ആസ്വാദനത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു.

സിദ്ദിഖ് അവതരിപ്പിച്ച ജിതേന്ദ്രന്‍ എന്ന കഥാപാത്രമാണ് ദിവാന്‍ജി മൂലയുടെ ഹൃദയതാളമായി വര്‍ത്തിക്കുന്നത്. നിര്‍ജ്ജീവമായ ശരീരവുമായി മരിച്ച് ജീവിക്കുന്ന ജിതേന്ദ്രന്‍ പകര്‍ന്ന് നല്‍കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ സിദ്ദിഖ് എന്ന നടന്‍റെ അഭിനയതികവ് ഒരിക്കല്‍ക്കൂടി അടിവരയിട്ട് രേഖപ്പെടുത്തുന്നു. നായികയായി എത്തിയ ലൈന ഇഷയും ചിത്രത്തിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുതന്നെ ജെഫിന്‍ എന്ന കഥാപാത്രമായി പകര്‍ന്നാടി. പുതുമയും വ്യത്യസ്തവുമായ ഒരു ദൃശ്യ അനുഭവമാണ് അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല എന്ന നിര്‍ദോഷ ചിത്രം പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.

രവികേശവന്‍
9447738875

photos & videos

comments