അയ്യപ്പനും കോശിയും

Rating : 0   Category :
 
അകാരണമായി അവസാനമില്ലാത്ത പകയുമായി നടക്കുന്ന അയ്യപ്പനും കോശിയും.  അടുത്തൂണിന് കാലമായിരിക്കുന്ന പോലീസ് സബ്ബ് ഇന്‍സ്പെക്ടറാണ് അയ്യപ്പന്‍.  അമിത ധനക്കൊഴുപ്പിന്‍റെ അഹങ്കാരം അസ്ഥിയില്‍ കൊള്ളുന്നതിന്‍റെ തിളപ്പുമായിട്ടാണ് നാല്പതുകളുടെ ആരംഭത്തിലെ ത്തിയിരിക്കുന്ന റിട്ടയേര്‍ട് ഹവില്‍ദാറായ കോശി.  അയ്യപ്പനും സംഘവും അട്ടപ്പാടിയിലെ മദ്യനിരോധന മേഖലയില്‍ പതിവ് പരിശോധന നടത്തവേ തനിക്ക് ക്വാട്ടാ കിട്ടിയ മദ്യക്കുപ്പികളുമായി കോശി അയ്യപ്പന്‍റേയും സംഘത്തിന്‍റേയും മുന്നിലെത്തപ്പെടുന്നു.  സ്വതവേ പണക്കൊഴുപ്പിന്‍റെ അഹങ്കാരമുള്ള കോശി അയ്യപ്പനുമായി കൊമ്പുകോര്‍ക്കുന്നു.  പതിവുപോലെ അയ്യപ്പന്‍ പോലീസ് തന്‍റെ അധികാരത്തിന്‍റെ ഹുങ്ക് കാണിക്കുകയും കോശിയുടെ മേല്‍ എഴുതിചേര്‍ക്കാവുന്ന എല്ലാ കുറ്റങ്ങളും ചുമത്തി ജയിലിലാക്കുകയും ചെയ്യുന്നു.  തുടര്‍ന്ന് ജയില്‍ മോചിതനാകുന്ന കോശി തന്നെ ജയിലില്‍ അടച്ച അയ്യപ്പനേ പ്രതികാര മനോഭാവത്തില്‍ ചതിയില്‍പ്പെടുത്തി സേവനത്തില്‍ നിന്ന് പുറത്താക്കുന്നു.  തന്‍റെ എല്ലാമായിരുന്ന ജോലിയും വരുമാനവും ഇല്ലാതാക്കിയ കോശിയോട് അയ്യപ്പന്‍ തിരിച്ച് പ്രതികാരം ചെയ്യുന്നു.  ഇതാണ് അയ്യപ്പനും കോശിയുടേയും പ്രമേയം.  ആദ്യം സൂചിപ്പിച്ചതുപോലെ അന്തമില്ലാത്ത, തികച്ചും അകാരണമായ പ്രതികാര കഥ ആദിമധ്യാന്തം യാതൊരു കയറ്റിറക്കമോ കഥപറച്ചിലിലെ ഒഴുക്കോ ഇല്ലാതെയാണ് പറഞ്ഞുപോകുന്നത്.  തുല്യ നായക കഥാപാത്രങ്ങളായെത്തിയ കോശിക്കും അയ്യപ്പനും വ്യക്തമായ വ്യക്തിത്വം ഇല്ലാത്തതും അതിലുപരി ഇരുവരും തികച്ചും അഹങ്കാരികളുമായതിനാല്‍ ഇരുകഥാപാത്രങ്ങളോടും ഒപ്പം പ്രേക്ഷകര്‍ക്ക് മനസ്സുകൊണ്ട് സഞ്ചരിക്കാനാവുന്നില്ല.  അതുകൊണ്ടുതന്നെ സിനിമയുടെ ഇടവേളകൊണ്ട് കൊണ്ടും കൊടുത്തും തീര്‍ക്കേണ്ടിയിരുന്ന പകയുടെ കണക്ക് തുടര്‍ന്നും മുന്നോട്ട് പോകുന്നതറിയുന്ന പ്രേക്ഷകര്‍ കോശിയേയും അയ്യപ്പനേയും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു.   ഇടവേളക്കുശേഷം കോശിയും അയ്യപ്പനും അവരുടെ വഴിയിലും പ്രേക്ഷകര്‍ അവരുടെ വഴിയിലും വേറിട്ട് സഞ്ചരിച്ച് തുടങ്ങുന്നു.     കൃത്യതയോടു കൂടിയ സംവിധാനവും അത്ഭുതപ്പെടുത്തുന്ന കാസ്റ്റിങ്ങും ചാരുതയാര്‍ന്ന ഛായാഗ്രഹണവും ചിത്രത്തിന്‍റെ അലങ്കാരം തന്നെ.  അയ്യപ്പനായി ബിജുമേനോനും കോശിയായി പൃഥ്വിരാജും ജീവിക്കുക തന്നെ ചെയ്തു എന്ന് എടുത്തുപറയാന്‍ വയ്യ.  എന്നാല്‍ ചിത്രത്തിലെ സംഭാഷണത്തിന്‍റെ  അസ്വഭാവികതയും ദൃഢതയില്ലായ്മയും ചിത്രത്തിന്‍റെ മികവിന് കോട്ടം വരുത്തി കളഞ്ഞു. സതീഷനെന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി എത്തിയ അനിലിന്‍റെ അഭിനയവും കുമാരനെന്ന ഡ്രൈവറായി എത്തിയ കഥാപാത്രത്തിന്‍റെ അഭിനയവും അഭിനന്ദനാര്‍ഹം തന്നെ.   ഇരുവരും മലയാള സിനിമയുടെ വാഗ്ദാനങ്ങളാണ്. കുര്യനായി എത്തിയ മലയാളത്തിന്‍റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ രജ്ഞിത് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചുവെങ്കിലും കുര്യനെന്ന പണക്കൊഴുപ്പിന്‍റേയും അഹങ്കാരത്തിന്‍റേയും മൂര്‍ത്തിഭാവമായ കഥാപാത്രത്തിനുവേണ്ടുന്ന സംഭാഷണവും സംഭാഷണ ഗാഭീര്യവും കുര്യന്‍റെ ശബ്ദത്തിന് ഇല്ലാതെ പോയത് രജ്ഞിത് അവതരിപ്പിച്ച കുര്യന്‍റെ കഥാപാത്രത്തിന്‍റെ ശോഭ കെടുത്തിക്കളഞ്ഞു.  കൂടാതെ അഹങ്കാരത്തിന് കയ്യും കാലും വച്ച കുര്യനും മകന്‍ കോശിയുമായുള്ള രംഗങ്ങളൊക്കേയും മനഃപൂര്‍വ്വം ആലോചിച്ചുറപ്പിച്ച് പിന്നീട് തിരുകി ചേര്‍ത്ത പ്രതീതിയില്‍ ടി രംഗങ്ങള്‍ വേറിട്ടു നില്‍ക്കുന്നതായും അനുഭവപ്പെടുന്നു.
 
ഒത്തിരി പ്രതീക്ഷകളുമായെത്തി അയ്യപ്പനും കോശിയും കണ്ട് നിരാശരായി മടങ്ങിയ പ്രേക്ഷകരോടൊപ്പം നടന്നു നീങ്ങവേ ഈ നിരൂപകനും ആലോചിക്കുകയായിരുന്നു എന്തായിരുന്നു അയ്യപ്പനും കോശിയും എന്ന സിനിമയുടെ കഥ.....? എന്തു സന്ദേശമാണ് മലയാള സിനിമാ പ്രേക്ഷകരോട് അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ സച്ചി സംവേദിക്കാ നാഗ്രഹിച്ചത്......?
 
സച്ചിയില്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഒത്തിരി പ്രതീക്ഷ വച്ചുപുലര്‍ത്തിപ്പോരുന്ന ഒരു തിരക്കഥാ കൃത്താണ്.  അതോടൊപ്പം ഒരു ശരാശരി സംവിധായകനും.  നല്ല തിരക്കഥാകൃത്തായും സംവിധായകനായും ഒരേ സമയം തിളങ്ങിയവര്‍ മലയാള സിനിമയില്‍ വളരെ അപൂര്‍വ്വമാണ്.  അപ്രകാരം വിജയം വരിച്ചവരിലൊരാളാണ് സച്ചി.
 
സച്ചിയില്‍ കരുത്തുള്ളൊരു എഴുത്തുകാരനുണ്ട്, കഴിവുള്ളോരും സംവിധായകനുണ്ട്.  അതിനെ ഇനി ഊതിപ്പഴുപ്പിച്ച് കരുത്താര്‍ജ്ജിച്ച് പുറത്തെടുക്കുക മാത്രമാണ് വേണ്ടത്.  അതിനു കഴിയട്ടേയെന്ന് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു.
 
രവികേശവന്‍
9447738875  

 

photos & videos

comments