
കുന്നോളം വലുപ്പമുള്ള കാമനകളുടെ കഥകളും കടംങ്കഥകളുമായിട്ടാണല്ലോ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സംസ്ക്കാരത്തിന്റെ അടിമകളായ മലയാളി ഉള്‍പ്പെടുന്ന ഓരോ ഭാരതീയനും ജീവിക്കുന്നത്. പറഞ്ഞു കേട്ടതും "മാ" പ്രസിദ്ധികരണങ്ങളും ഉത്തരാധുനീക എഴുത്തുകാരും എഴുതിയത് വായിച്ചും അനുഭവിച്ച ഉള്‍പ്പുളകത്തിന്റെ ഊഷരതയില്‍ തിളച്ചുമറിയുന്ന ഒടുങ്ങാത്ത കാമനകളുടെ തിരള്ളലില് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്. തിരിച്ചറിഞ്ഞിട്ടില്ലാത്ത സംസ്ക്കാരത്തിന്റെ അടിമയായി ജീവിക്കുവാന്‍ വിധിക്കപ്പെട്ടതുകൊണ്ടുതന്നെ തന്റെ ഉടലിനെ വേണ്ടവിധം ഉപയോഗിക്കാന്‍ അറിയാതെയും കഴിയാതെയും അതൃപ്തരായി കഴിയേണ്ടിവരുന്നവര്‍...
തന്റെ മനസ്സില്‍ കുന്നോളം വലുപ്പത്തില്‍ വളര്‍ന്നു നില്ക്കുന്ന കാമനകളുടെ അടുത്തെത്താന്‍ തന്റെ ഉടല് ഒരു മറവും തിരിവും ഇല്ലാതെ ഉപയോഗിക്കുന്ന ഒരു അതൃപ്തയായ ഭാര്യയുടെ, കാമുകിയുടെ കാമാനുഭവങ്ങലാണ് ഉടല് എന്ന ചിത്രം കാട്ടിത്തരുന്നത്. നൂറ്റിയിരുപത്തിരണ്ട് മിനിറ്റുകള്‍ കൊണ്ടു വിരലവില് എണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ; ഒരു രാത്രിയില്‍ ഒരു വീടിനുള്ളില്‍ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് ഉടല് സഫലമാക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ പ്രദാനംചെയ്യുന്ന പരിമിതികള്‍ കാരണം തന്റെ കാമനതകള് തൃപ്തിപ്പെടുത്തുമാറ് തന്റെ ഉടല് ഉപയോഗിക്കുവാന്‍ കഴിയാതെ വെമ്പല്‍ കൊള്ളുന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയാണ് ഷൈനി എന്ന കഥാപാത്രം. തന്റെ കാമനകളുടെ സഫലീകരണത്തിന് പ്രതിബന്ധമായി നില്ക്കുന്നതെന്തിനേയും നാമാവശേഷമാക്കാന്‍ മടിക്കാത്ത സമകാലീന സമൂഹത്തിന്റെ പ്രതീകം.
പറയുന്ന കഥയുടെ പുതുമകൊണ്ടും കഥപറയാനൊരുക്കിയ തിരക്കഥയുടെ വ്യത്യസ്തകൊണ്ടും കഥപറയുവാന്‍ തിരഞ്ഞെടുത്ത പ്രതലത്തിന്റെ ചിരപരിചിതത്വം കൊണ്ടും സര്‍വ്വോപരി ആശ്ചര്യപ്പെടുത്തുന്ന കാസ്റ്റിങ്ങും കഥാപാത്രങ്ങളുടെ അഭിനയ മികവ് എന്നിവ എല്ലാംകൊണ്ടും മലയാള സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതും മികവുറ്റതുമാണ് ഉടല് എന്ന ചലച്ചിത്രം.
രതീഷ് രഘുനന്ദന് എന്ന നവാഗതന് തന്റെ സ്വന്തം കഥാതന്തുവിന് കഥപറയേണ്ടതിന് അനുയോജ്യമായ തിരക്കഥയും അര്‍ത്ഥവത്തായ സംഭാഷണവും ഒരുക്കിയാണ് ഒരു നാവാഗതന്റേതായ പ്രകടമായ യാതൊരു പോരായ്മയും ഇല്ലാതെ ഉടല് എന്ന അത്യുജ്ജല ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇരുളിന്റെ മറവില്‍ നടക്കുന്ന ഉടലിന്റെ നിഗൂഢതയും വന്യതയും നിറഞ്ഞ വ്യാപാരം പൂര്‍ണ്ണമായും ആവാഹിച്ചെടുത്ത് പ്രേക്ഷകന് ഒരു ദൃശ്യവിസ്മയം തന്നെയാണ് മനോജ് പിള്ളയുടെ ക്യാമറ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ ശ്വാസനിശ്വാസംപോലും നെഞ്ചിടിപ്പിന് അനുസൃതമായി സൂക്ഷ്മശബ്ദ സന്നിവേശത്തിലൂടെ പ്രേക്ഷകര്‍ക്ക് പകരുന്നതിന് വില്യം ഫ്രാന്‍സിസിന്റെ പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. നിഷാദ് യൂസഫിന്റെ ചിത്രസങ്കലനം ഉടല് എന്ന ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകന്റെ മനസ്സിനൊപ്പമാണ്. രണ്ടിടത്തൊഴിച്ച് മറ്റിടങ്ങളില്‍ എല്ലാം നിഷാദിന്റെ ചിത്ര സങ്കലന മികവ് പ്രകടമാണ്.
ഷൈനി എന്ന കഥാപാത്രത്തേ അവതരിപ്പിച്ച ദുര്‍ഗ്ഗകൃഷ്ണ എന്ന അഭിനേത്രി നവരസങ്ങളുടെ കെട്ട് പ്രേക്ഷകരുടെ മുന്നില്‍ യാതൊരു ലോഭമില്ലാതെ അഴിച്ചിട്ട് അത്ഭുതപ്പെടുത്തിക്കളഞ്ഞു. അതുപോലെ കുട്ടച്ചനായെത്തിയ ഇന്ദ്രന്‍സ് ഭാവാഭിനയത്തിന്റെ കാര്യത്തില്‍ താന്‍ മറ്റാരേക്കാളും ഒരുപടി മുന്നിലാണെന്ന് അടിവരയിടുക കൂടിയാണ് ഉടല് എന്ന ചിത്രത്തില്‍ തന്റെ അവിസ്മരണീയ അഭിനയ തികവുകൊണ്ട്. അതിന്റെ സാക്ഷ്യപ്പെടുത്തലായി രണ്ടായിരത്തി ഇരുപത്തിരണ്ടിലെ നിഷ്പക്ഷ സംസ്ഥാന - ദേശീയ അവാര്‍ഡുകളെല്ലാം ഇന്ദ്രന്‍സിനെ തേടിയെത്തുമെന്ന് ഉറപ്പാണ്.
പിറവി , ചിത്രകൂടം, ഇ മ യ എന്നീ ചിത്രങ്ങളുടെ നിരയിലേക്ക് മലയാളത്തില്‍ നിന്ന് മറ്റൊരു ചലച്ചിത്ര കാവ്യം കൂടി "ഉടല്".
ഉടല് എന്ന അതിമനോഹര ചലച്ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നതിന് പിന്നണി -അണിയറ പ്രവര്‍ത്തകരായി വര്‍ത്തിച്ച എല്ലാ കലാസാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി....